10-06-2021 വാർത്തകൾ ഇതുവരെ

  മുഴുവൻ പ്രദേശങ്ങളിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി – മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

  യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്ക് കെ.മുരളീധരനെ ഹൈക്കമാൻഡ് പരിഗണിക്കുന്നു

യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്ക് കെ.മുരളീധരനെ ഹൈക്കമാൻഡ് പരിഗണിക്കുന്നു. കെ.സുധാകരൻ, വി.ഡി.സതീശൻ ടീമിൽ മൂന്നാമനായി കെ. മുരളീധരൻ എത്തിയേക്കുമെന്നാണ് സൂചന. കേരളത്തിൽ സമ്പൂർണ പുനഃസംഘടനയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. പ്രധാനപാർട്ടിയായ കോൺഗ്രസിന് വലിയ വിട്ടുവീഴ്ചകൾക്ക് വർഷങ്ങളായ് മുന്നണിയിൽ വഴങ്ങേണ്ടി വരുന്നുണ്ട്. അഞ്ചാം മന്ത്രി മുതലുള്ള ഇത്തരം വഴങ്ങിക്കൊടുക്കലുകൾ കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

  2025 ഓടെ പ്രതിവർഷം പത്ത് ദിവസം വരെ അസുഖ അവധി നൽകാനുള്ള നിയമം പരിഗണനയിലെന്ന് റിപ്പോർട്ട്

എല്ലാ തൊഴിലാളികൾക്കും 2025 ഓടെ പ്രതിവർഷം പത്ത് ദിവസം വരെ അസുഖ അവധി നൽകാനുള്ള അവകാശം ലഭിക്കുന്ന തരത്തിൽ നിയമം പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും രോഗകാരണങ്ങളാൽ അവധിയെടുക്കേണ്ടി വന്നാൽ ശമ്പളം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമം 2025 ഓടെ നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. കുറഞ്ഞ ശമ്പളത്തിലടക്കം ജോലി ചെയ്യുന്ന നിരവധി പേർക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും ഇത്.

  കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ചികിത്സയ്ക്ക് മുതിർന്നവരിൽ ഉപയോഗിക്കുന്ന റെംഡെസിവിർ പോലുള്ള സ്റ്റിറോയിഡുകൾ കുട്ടികളിൽ ഒഴിവാക്കണമെന്നും സി ടി സ്കാൻ പോലുള്ള രോഗനിർണയ ഉപാധികൾ പരമാവധി കുറച്ചും യുക്തിസഹമായും ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവ്വീസ് ആണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

  പുതിയ നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡിജിഎച്ച്എസ് അറിയിച്ചു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമായ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. വാക്‌സിന്‍ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവപ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ അത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

  ബാലവേല കൂടുന്നുവെന്ന് മുന്നറിയിപ്പ്

ലോകത്ത് ഇരുപത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ബാലവേല കൂടുന്നുവെന്ന് മുന്നറിയിപ്പ്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജോലിക്ക് ഇറങ്ങേണ്ടി വരുമെന്ന് യുനിസെഫ് പറയുന്നു.

  റിലയൻസ് ജിയോ വാട്സ്ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കി

കൊച്ചി: റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കി. ജിയോ ഫൈബർ, ജിയോമാർട്ട് ഉപഭോക്താക്കൾക്കും പുതിയ സേവനം ലഭിക്കും. വാട്സ്ആപ്പിൽ ഈ സേവനം ലഭിക്കുന്നതിന് ജിയോ കെയറിന്റെ നമ്പർ ആദ്യം ഫോണിൽ സേവ് ചെയ്യണം. 7000770007 ആണ് ജിയോകെയർ നമ്പർ. ജിയോ സിം ഉപയോഗിച്ചുള്ള വാട്സ്ആപ്പിൽനിന്ന് ജിയോ കെയർ നമ്പറിലേക്ക് ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ സേവനങ്ങളുടെ ഒരു പട്ടിക മറുപടിയായി ലഭിക്കും. ജിയോ സിം റീചാർജ്, പുതിയ ജിയോ സിം അല്ലെങ്കിൽ പോർട്ട് സൗകര്യം, ജിയോ ഫൈബർ, റോമിങ്, ജിയോ മാർട്ട് എന്നീ ഓപ്ഷനുകൾ അടങ്ങുന്നതായിരിക്കും സന്ദേശം. വരിക്കാരന് ഇതിൽനിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കാം.

  കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചാൽ രണ്ട് ആഴ്ച അവധി ലഭിക്കും. മാതാപിതാക്കൾക്ക് മാത്രമല്ല ആശ്രിതരായ കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചാലും 14 ദിവസം അവധിയെടുക്കാം. കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും മറ്റും അധിക നാൾ ചെലവഴിക്കേണ്ടി വന്നാലും അധിക അവധി അനുവദിക്കും. 15 ദിവസം കൂടെയാണ് അധിക അവധി അനുവദിക്കുക.

  ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിൽ നിന്നു അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിൽ നിന്നു അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര പൊലീസ്. പെരുമ്പഴുതൂർ കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (20), പെരുമ്പഴുതൂർ അയണിയറത്തല കിഴക്കിൻകര വീട്ടിൽ ശോഭാലാൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.

  ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു. 77വയസ്സായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ ഇന്നു പുലർച്ചെ ആറിനായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്നി സംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു.

  ഗ്വാട്ടിമാലയിൽ നിന്നും കൃത്യമായ രേഖകൾ ഇല്ലാതെ അമേരിക്കയിലേക്ക് ആരും വരാൻ ശ്രമിക്കരുതെന്ന് യു.എസ്

ഗ്വാട്ടിമാലയിൽ നിന്നും കൃത്യമായ രേഖകൾ ഇല്ലാതെ ആരും തന്നെ അമേരിക്കയിലേക്ക് വരാൻ ശ്രമിക്കരുതെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ പരസ്യ പ്രസ്താവനക്കെതിരെ അലക്‌സാഡ്രിയ ഒക്കേഷ കോർട്ടസ് ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതിഷേധവുമായി രംഗത്ത്.

  രാജ്യത്തെ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

രാജ്യത്തെ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്‌ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയിൽ പ്രതിഫലിച്ചത് .സെൻസെക്‌സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു.

  പുതിയ മോഡൽ എൻഫീൽഡുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങ റോയൽ എൻഫീൽഡ്

വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്. ഈ സാമ്പത്തിക വർഷത്തിൽ നിരവധി പുതിയ മോഡൽ എൻഫീൽഡുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് ചെന്നൈ ആസ്ഥാനമായുള്ള റോയൽ എൻഫീൽഡ്. പുതിയ മോഡൽ എൻഫീൽഡുകൾ വിപണിയിൽ എത്തുന്നതോടെ പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയിൽ ആധിപത്യം നിലനിർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

  5 ജി സ്മാർട്ട്‌ഫോൺ എം 3 പ്രോ 5ജി പുറത്തിറക്കി

രാജ്യത്ത് പോക്കോയുടെ ആദ്യത്തെ തന്നെ 5 ജി സ്മാർട്ട്‌ഫോൺ എം 3 പ്രോ 5ജി പുറത്തിറക്കി. മെയ് പാതിയോടെ ആഗോളതലത്തിൽ വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ ഏകദേശം രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ വിപണിയിലെത്തിയ പോക്കോയുടെ ആദ്യ സ്മാർട്ട്‌ഫോണാണ്. രാജ്യത്തെ കോവിഡ് സാഹചര്യം കാരണമാണ് കമ്പനി എല്ലാ ലോഞ്ചുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

  പുതിയ ചിത്രം ‘ചിയാൻ 60’ ഒരുങ്ങുന്നു

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം ‘ചിയാൻ 60’ ഒരുങ്ങുകയാണ്. വിക്രം, ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നടൻ ബോബി സിംഹയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.ഈ ഗ്യാങ്സ്റ്റർ ത്രില്ലറിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു.

  ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാലിക് ഒടിടി റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നണെങ്കിലും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചതോടെ സിനിമ പ്രേമികൾ സന്തോഷത്തിലായിരുന്നു.

  തന്റെ ഫാൻസ് ​ക്ലബ്ബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി തമിഴ് താരം സൂര്യ

കൊറോണ വൈറസ് രണ്ടാം തരംഗം അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലർക്കും ജോലികൾ നഷ്ടമായി വീടുകളിൽ തന്നെ ഇപ്പോൾ കഴിയുകയാണ്. ഈ അവസരത്തിൽ തന്റെ ഫാൻസ് ​ക്ലബ്ബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യ.

  പുതിയ പരിശീലകനായി ബ്രൂണോ ലാഗെ ചുമതലയേറ്റു

വോൾവ്സിന്റെ പുതിയ പരിശീലകനായി ബ്രൂണോ ലാഗെ ചുമതലയേറ്റു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ക്ലബ് നടത്തി. നുനോ സാന്റോസിന് പകരക്കാരനായാണ് ബ്രൂണോ ലാഗെ എത്തുന്നത്. ബെൻഫികയുടെ പരിശീലകനായിരുന്നു ബ്രൂണോ ലാഗെ ഇതുവരെ. പോർച്ചുഗീസ് താരങ്ങൾ ഒരുപാട് ഉള്ളത് കൊണ്ടാണ് ഒരു പോർച്ചുഗീസ് പരിശീലകനെ തന്നെ വോൾവ്സ് കണ്ടെത്തിയത്. ജാവോ ഫെലിക്സ്, റുബൻ ഡയസ് എന്നിവരുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച കോച്ചാണ് ബ്രൂണോ