ജീവകാരുണ്യ മേഖലയില്‍ ആര്‍.പി ഫൗണ്ടേഷന്റെ സഹായഹസ്തം വീണ്ടും, നല്‍കുന്നത് 15 കോടിയുടെ ധനസഹായമെന്ന് ഡോ: രവിപിള്ള

NRI DESK:  കോവിഡ് കാരണം പ്രവാസികള്‍ ഉള്‍പ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കിയത് വേദനാജനകമാണെന്ന് പ്രവാസി വ്യവസായിയും ആര്‍.പി ഗ്രൂപ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള പറഞ്ഞു. കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ആര്‍ പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അനേകം കുടുംബങ്ങള്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരികയുമാണെന്ന് രവി പിള്ള പറഞ്ഞു. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കേന്ദ്രമൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നതായും രവിപിള്ള അറിയച്ചു. ഈ സാഹചര്യത്തില്‍, അര്‍ഹരായ പരമാവധി ആളുകള്‍ക്ക് അധികം വൈകാതെ ആര്‍.പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക്ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും. പത്തു കോടി രൂപ ആര്‍.പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങള്‍ക്കും, വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായമായും വിതരണം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആര്‍.പി ഫൗണ്ടേഷനിലൂടെ നടത്തുന്നതെന്നും ഇത്തരത്തില്‍ ഫൗണ്ടേഷന്റെ കീഴില്‍ നൂറു കണക്കിന് വിവാഹങ്ങള്‍ നടത്തികൊടുക്കുകയും അവര്‍ക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളുമാണ് നല്‍കിയത്.

ഫൗണ്ടേഷന്‍, ഭവന രഹിതര്‍ക്കായി നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കുകയും നിര്‍ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തുവരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 85 കോടി രൂപയിലേറെയാണ് ചിലവഴിച്ചത്. ഈ സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം.പി/മന്ത്രി/എം.എല്‍.എ/ജില്ലാ കളക്ടര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടൊപ്പമുള്ള അപേക്ഷ RP Foundation, P.B. No. 23, Head Post Office, Kollam – 01, Kerala, India എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ അയക്കേണ്ടതാമെന്ന് ഡോ രവിപിള്ള അറിയിച്ചു.