കോവിഡ് പാക്കേജ്: ചെറുകിട വ്യാപാരികളെ കൂടി ഉൾപ്പെടുത്തിയത് സ്വാഗതാർഹം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

NRI DESK:   സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ കോവിഡ് ഉത്തേജക പാക്കേജിൽ ചെറുകിട വ്യാപാരികളെ കൂടി ഉൾപ്പെടുത്തിയത് സ്വാഗതാർഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബജറ്റ് അവതരണത്തിൽ വിട്ടു പോയത് ബഹു. ധനമന്ത്രിയുടെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടു വരുവാൻ സംഘടന നടത്തിയ ഇടപെടൽ ഫലം കണ്ടൂവെന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി. വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി. എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ്, എം. നസീർ, നുജുമുദ്ദീൻ ആലുമ്മൂട്ടിൽ, പ്രസാദ് ജോൺ മാമ്പ്ര, നിജാം ബെഷി, പി. എം. എം. ഹബീബ്, വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റ്യാങ്കൽ, ടി. കെ. ഹെൻറി എന്നിവർ സംസാരിച്ചു. ഏതു രീതിയിലുള്ള സഹായമാണെന്ന് ഇനിയും വ്യക്തമല്ല.

സിബിൽ സ്കോർ മാനദണ്ഡവു, മറ്റു ജാമ്യ വ്യവസ്ഥകളും ബാധകമാക്കാതെ 4 ശതമാനം പലിശയ്ക്ക് കേരള ബാങ്ക്, സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴി ചെറുകിട – ഇടത്തരം വ്യാപാരികൾക്ക് വായ്പാ പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് സംഘടന ബഹു. മുഖ്യമന്ത്രി, ബഹു. ധനമന്ത്രി, ബഹു. വ്യവസായ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. വ്യാപാരികളുടെ ആവശ്യം, പ്രതീക്ഷിക്കുന്ന സ്കീം, അതു മൂലം വ്യാപാരികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടാകാവുന്ന നേട്ടങ്ങൾ എന്നിവ വളരെ വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു. പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.