കേരളത്തില്‍ ഉടന്‍ നേതൃമാറ്റം വേണ്ടെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം

ന്യൂഡല്‍ഹി :  കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടേയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റേയും പേരുകള്‍ വന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിന് വലിയ അതൃപ്തിയായിരുന്നു. ഇതോടെ കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി തന്റതാണെന്ന് ധര്‍മരാജന്‍ നിലപാട് എടുത്തതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. അതിനാല്‍ തന്നെ വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റം വേണ്ടെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി.ആനന്ദ ബോസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.