58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായതോടെ സർക്കാരിന് 1796.55 കോടി നഷ്ടം

തിരുവനന്തപുരം :   സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായതോടെ 1796.55 കോടി നഷ്ടം സർക്കാരിനുണ്ടായി. ഇന്ന് നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സിഎജി ശുപാർശ ചെയ്യുന്നു.

ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ സ്ഥാപനം കെഎസ്ആർടിസിയാണ്. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ കെഎസ്ആർടിസി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടായി. പൂർത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്സുകൾ കൃത്യമായി വാടകയ്ക്ക് നൽകിയില്ലെന്നും സിഎജി കണ്ടെത്തി.16 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന രഹിതം എന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 53 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെന്ന് സിഎജി വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങൾ ചേർന്ന് 574.49 കോടി ലാഭവിഹിതം ഉണ്ടാക്കി. കെഎസ്എഫ്ഇ, കെഎംഎംഎൽ, ബിവറേജസ് കോർപ്പറേഷൻ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയ സ്ഥാപനങ്ങൾ

സംസ്ഥാനത്ത് ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തതെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭിച്ചില്ലെന്നും നെല്ല് കർഷകർക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി.

ഓഡിറ്റ് റിപ്പോർട്ടിൻമേൽ സർക്കാർ പ്രതികരിക്കാത്തതിനാൽ 922 പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മാർച്ച് 31 വരെയുള്ള സിഎജി റിപ്പോർട്ടാണ് ഇന്ന് നിയമസഭയിൽ വച്ചത്.