വാഹനനികുതി അടയ്ക്കാനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

NRI DESK:   വാഹനനികുതി അടയ്ക്കാനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. ചെറുകിട വ്യാപാരികളെയും പാക്കേജില്‍ ഉള്‍പെടുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഓട്ടോ, ടാക്‌സി ഉള്‍പെടെയുള്ള സ്റ്റേജ് കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതിയാണ് നീട്ടിയത്. ലോക്ഡൗണ്‍ കാരണം വാഹനങ്ങള്‍ ഓടാത്തത് പരിഗണിച്ചാണിത്. അതേസമയം ഇവയുടെ നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

രണ്ടാം കോവിഡ് പാക്കേജില്‍ ചെറുകിട വ്യാപാരികള്‍ക്കും ടൂറിസം മേഖലയ്ക്കും കുറഞ്ഞ പലിശയ്ക്ക് വായ്പനല്‍കും. കയര്‍, ഖാദി-കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ക്കും പ്രത്യേകം പദ്ധതി രൂപവത്കരിക്കും. പഴവര്‍ഗ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സഹകരണ ബാങ്കുകളിലൂടെ നാലുശതമാനം പലിശയ്ക്ക് വായ്പനല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് ആയിരം രൂപവീതം 1100 കോടി ഉടന്‍ വിതരണം ചെയ്യും. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന്റെ വ്യക്തതയ്ക്ക് കാത്തിരിക്കുകയാണ് സംസ്ഥാനം. അതിനാല്‍ വാക്‌സിന്‍ വാങ്ങാന്‍ ആയിരംകോടി രൂപ നീക്കിവെച്ചതില്‍ ഇപ്പോള്‍ മാറ്റംവരുത്തില്ല. നികുതി കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണ ഒടുക്കാനുള്ള ആംനസ്റ്റി പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ല്‍ നിന്ന് നവംബര്‍ 30ലേക്ക് നീട്ടി. ടേണ്‍ ഓവര്‍ ടാക്‌സിലെ കുടിശ്ശിക അടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കേണ്ട സമയവും ജൂണ്‍ 30 ല്‍നിന്ന് സെപ്റ്റംബര്‍ 30 ആയി നീട്ടി. നികുതി ഒടുക്കാനുള്ള തീയതി ജൂലായ് 31 ല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് നീട്ടി.