കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര സര്‍ക്കാറും സഹായധനം പ്രഖ്യാപിച്ചു

മുംബൈ:   കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര സര്‍ക്കാറും സഹായധനം പ്രഖ്യാപിച്ചു. മിലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയും കെട്ടിടത്തിന്റെ നിര്‍മാണ അപാകതയുമാണ് ദുരന്തത്തിന് കാരണം. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപയും മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപയും ആണ് ധനസഹായം പ്രഖ്യാപിച്ചത്. മഴയില്‍ മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ 20 വില്ലേജുകളില്‍ നിന്നായി 1139 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. താനെ, റായ്ഗഡ്, പാല്‍ഗര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് സജ്ജമാണ്. കൊങ്കണ്‍ മേഖലയിലെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. മുംബൈ നഗരത്തില്‍ വെള്ളക്കെട്ടില്‍ വ്യാപക നാശ നഷ്ടങ്ങള്‍ സംഭവിച്ചു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും മഴ ബാധിച്ചു.

മഹാരാഷ്ട്രയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ഗുജറാത്ത്, ബംഗാള്‍, ഒറീസ, ചത്തിസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ മേഖലകളിലാണ് ജാഗ്രത നിര്‍ദേശം.