കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കാൻ ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി  പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന തരത്തിലായിരിക്കും ബന്ധിപ്പിക്കുക. കെടിഡിസിയുടെ തിരുവനന്തപുരത്തെ മാസ്കറ്റ്, ഗ്രാന്‍ഡ് ചൈത്രം ഹോട്ടലുകള്‍ സന്ദര്‍ശിച്ച് കോവിഡാനന്തരം സഞ്ചാരികളെ വരവേല്‍ക്കുന്നതിനായി കെടിഡിസിയെ സജ്ജമാക്കാൻ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കെടിഡിസിയുടെ ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ് വര്‍ക്കിന്‍റെ ഭാഗമാക്കുന്നതിന്‍റെ ആദ്യപടിയായി ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകളായ ബുക്കിംഗ് ഡോട്ട് കോം, അഗോഡ, പ്രമുഖ ഇന്ത്യന്‍ പോര്‍ട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗേഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും കെടിഡിസിയുടെ ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നതിനാണ് ഈ സംവിധാനം ഉപയോ​ഗിക്കുക. ആദ്യപടിയായി ഗ്രാന്‍റ് ചൈത്രം ഹോട്ടലിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കോവിഡിന്‍റെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ ടൂറിസം മേഖലയെ സജീവമാക്കാനും ആകര്‍ഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് സംസ്ഥാനത്ത് തയ്യാറാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടം ഘട്ടമായി കെടിഡിസിയുടെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും മറ്റു സൗകര്യങ്ങൾ വർദ്ധിപ്പുക്കും. കെടിഡിസി ഹോട്ടലുകള്‍ വഴി തനതായ രുചി വിഭവങ്ങള്‍ തദ്ദേശീയര്‍ക്കും സഞ്ചാരികള്‍ക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മാസ്കറ്റ് ഹോട്ടലിലെ റൂഫ് ടോപ്പ് റസ്റ്റോറന്‍റ്, ഹെറിട്ടേജ് ബ്ലോക്ക്, ഗ്രാന്‍റ് ചൈത്രത്തിലെ മുറികള്‍, റസ്റ്റോറന്‍റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് മന്ത്രി വിലയിരുത്തിയത്. ടൂറിസം ഡയറക്ടറും കെടിഡിസി എംഡിയുമായ ശ്രീ വി.ആര്‍. കൃഷ്ണ തേജയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.