സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം

വയനാട്:  ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17 പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി. പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ ടൂറിസം വികസനത്തിനായി ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസം നേരിടുന്നുണ്ടെങ്കില്‍ ആയത് തന്റെ ശ്രദ്ധയില്‍പെടുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് വയനാട് ജില്ലയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഓരോ പഞ്ചായത്തിലും ഓരോ പദ്ധതി വീതമെങ്കിലും കണ്ടെത്തുന്നതിനും ആയതിന്റെ ലിസ്റ്റ് സമര്‍പ്പിക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ലിസ്റ്റ് തയാറാക്കുമ്പോള്‍ ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ളവക്ക് മുന്‍ഗണന നല്‍കണം. ബുദ്ധ- ജൈന സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിനുള്ള വിശദാംശം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി
അഡ്വഞ്ചര്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കാനും പില്‍ഗ്രിം ടൂറിസം നടപ്പിലാക്കുന്നതിനും ആദിവാസി വിഭാഗത്തിന് ടൂറിസം മൂലമുള്ള ഗുണഫലങ്ങള്‍ ലഭിക്കുന്നതിനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയെങ്കിലും ഉണ്ടാകണം. ജില്ലയുടെ പ്രത്യേകതയായ കാടും നാടും ഒന്നിച്ചുള്ള പ്രദേശങ്ങളില്‍ അവയുടെ തനിമ നിലനിര്‍ത്തി ടൂറിസം വികസനം നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.

വയനാട് ജില്ലയെ മൊത്തമായി ഒരു ടൂറിസം കേന്ദ്രം എന്ന നിലയില്‍ കണ്ട് ഓരോ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും നിശ്ചിത രീതിയിലുള്ള മാതൃക ഉണ്ടാകുന്നത് ഉചിതമാകുമെന്നും യോഗം വിലയിരുത്തി. ടൂറിസം കേന്രങ്ങളിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമത്തപ്പെടുത്തി.