കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

NRI DESK : പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.സിനിമ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം കവിത എന്ന സിനിമയിലൂടെയായിരുന്നു തുടർന്ന് വന്ന കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് പാട്ടെഴുത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ നാന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ… തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.

ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി. എഴുപത് എൺപത് കാലഘട്ടത്തിൽ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി. ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.

ചലച്ചിത്ര രംഗത്ത് മാത്രമല്ല ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്‌കരന്‍ പുരസ്‌കാരം തുടങ്ങിയവും നേടിയിട്ടുണ്ട്.