സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ നാല് വയസുകാരന്

NRI DESK : കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് ലഭിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേർ ഉൾപ്പെടെ വാർഡിൽ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ആയ കടപ്ര പഞ്ചായത്തിൽ കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.