രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

NRI DESK : രാജ്യദ്രോഹക്കേസിൽ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്.

കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസിൽ അയിഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. തുടർന്ന് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ അയിഷയോട്‌ പൊലീസ് ആവശ്യപ്പെടുക്കയും ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചു കൊണ്ടായിരുന്നു മൊഴിയെടുക്കല്‍. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് പൊലീസ് ആരാഞ്ഞു. എന്നാല്‍ മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുല്‍ത്താന മൊഴി നല്‍കി.

മൊഴി വിശദമായി പഠിച്ചശേഷം തുടർന്നടപടികളിലേക്ക് പോകും എന്ന് പോലീസ് അറിയിച്ചു. നിയമോപദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാകും തുടര്‍ നടപടികള്‍. അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.