വിസ്മയയുടെ മരണം; കിരണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്

NRI DESK : പോരുവഴിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൽ ചുമത്തിയാകും കേസ് എടുക്കുക.

ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ മരണകാര്യത്തിൽ വ്യക്തത വരൂ. അതേസമയം, വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട് സന്ദർശിക്കും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പി യോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു വിസ്മയയും കിരണ്‍കുമാറുമായുളള വിവാഹം. 100 പവന്‍ സ്വര്‍ണവും, ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനൊപ്പം നല്‍കിയ കാറിന്‍റെ മൂല്യം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പീഡനം.