ടിപിആര്‍ പത്തിൽ താഴെ, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും; കൊവിഡ് അവലോകന യോഗം ഇന്ന്

NRI DESK : സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം.

ഇന്നലെ ടിപിആർ പത്തിൽ താഴെ എത്തിയിരുന്നു. അത് ഇന്നും തുടർന്നാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ തുറക്കുന്നത്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകൾ ചർച്ചയാകും. കൂടുതൽ സമയം കടകൾ തുറന്ന് പ്രവർത്തിക്കുക, ജിമ്മുകളുടെ പ്രവർത്തനാനുമതി എന്നിവയും പരിഗണിച്ചേക്കാം. സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങൾ മാറ്റിയേക്കും. അതേസമയംവാരാന്ത്യ ലോക്ഡൗൺ തുടരാനാണ് സാധ്യത.

30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകൾ 25ൽ നിന്ന് 16 ആയിക്കുറഞ്ഞു. പൂർണമായും തുറന്ന സ്ഥലങ്ങളിൽ ഇളവുകളുള്ളപ്പോഴും വ്യാപനം കൂടിയിട്ടുമില്ല. കൂടുതൽ സ്ഥലങ്ങള്‍ ഇളവുകൾ കൂടുതലുള്ള എ-ബി വിഭാഗങ്ങളിലേക്ക് മാറും. ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.

അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്. ഇതിനു പുറമെ മൂന്നാം തരംഗ മുന്നറിയിപ്പ് ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനമുണ്ടാകൂ. ഇളവുകൾ നൽകിയതിന്‍റെ ഫലം കണ്ടുതുടങ്ങാൻ ആഴ്ച്ചകളെടുക്കും എന്നതിനാലാണ് ഇത്.