തിരുവനന്തപുരത്ത് വയോധിക വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

NRI DESK : തലസ്ഥാനത്ത് വയോധികയെ അയൽവാസിയായ യുവാവ് വെട്ടി കൊന്നു. വെമ്പായം ചീരാണിക്കര സ്വദേശി സരോജമാണ് കൊല്ലപ്പെട്ടത്. 62 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

മദ്യപിച്ച് സരോജത്തിന്‍റെ വീട്ടിൽ വന്ന് പ്രതി ബൈജു ബഹളമുണ്ടാക്കിയതിനെ തുടർന്ന് സരോജം വെട്ടുകത്തി കൈയിലെടുത്തു. അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് പ്രതിയായ ബൈജു വീട്ടമ്മയെ വെട്ടിയത്. മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവം നടന്ന ഉടൻ തന്നെ പ്രതിയായ ബൈജുവിനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാൽ കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. അതിനാൽ തന്നെ വിശദമായ ചോദ്യം ചെയ്യലിലെ കൂടുതൽ കാര്യങ്ങൾ അറിയൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.