സൗദി ഹജ്ജ് മന്ത്രാലയം ആരംഭിച്ച രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

ജിദ്ദ: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി സൗദി ഹജ്ജ് മന്ത്രാലയം ആരംഭിച്ച രജിസ്‌ട്രേഷൻ നാളെ അവസാനിക്കും. നാളെ രാത്രി പത്ത് മണിയോടെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിക്കും. ഇത്തവണത്തെ ഹജ്ജിൽ സൗദിയിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ 60,000 പേർക്കാണ് അവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. https://localhaj.haj.gov.sa/LHBഎന്ന ലിങ്ക് വഴി ഈ മാസം 13 ന് ഹജ്ജിന് ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ തന്നെ നാലര ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ ലഭിച്ച അപേക്ഷകളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ സ്വദേശികളോടൊപ്പം 150 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുമുണ്ട്. അപേക്ഷകരിൽ ഇതുവരെ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണെന്നും മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രജിസ്‌ട്രേഷൻ അവസാനിച്ചതിന് ശേഷം 25 ന് വെള്ളിയാഴ്ച തന്നെ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്തവരെ മന്ത്രാലയം പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച മെസേജ് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരിലേക്കുമെത്തും. തിരഞ്ഞെടുക്കപ്പെട്ടവർ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് കാശ് അടക്കേണ്ടതുണ്ട്. സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. അപേക്ഷകരിൽ കോവിഡിനെതിരെ രണ്ടു ഡോസ് വാക്സിനുമെടുത്തവർക്കും 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്കുമായിരിക്കും ആദ്യ മുൻഗണന.