വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കഞ്ചാവ് വെച്ച് പക: ഒടുവില്‍ യുവസംരംഭകയുടെ നിരപരാധിത്വം തെളിഞ്ഞു

NRI DESK : തിരുവനന്തപുരത്തെ പ്രശസ്തമായ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വീവേഴ്‌സ് വില്ലേജില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്നും കഞ്ചാവ് കണ്ടെത്തിയതിന്റെ പേരില്‍ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തതോടെ താന്‍ അനുഭവിച്ചത് വലിയ മാനസിക പീഡനമാണെന്ന് യുവ സംരഭക ശോഭാ വിശ്വനാഥ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 31നാണ് വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജില്‍ നിന്നും നര്‍ക്കോട്ടികെ വിഭാഗം 850 ഗ്രാം കഞ്ചാവ് പിടിക്കുന്നത്. അറസ്റ്റ് ചെയ്ത ശോഭയെ താമസിക്കുന്ന ഫ്‌ലാറ്റിലടക്കം നിരവധി സ്ഥലങ്ങളില്‍ തെളിവെടുപ്പിനും ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തെ തുടർന്ന് കേസില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇവര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ശോഭയുടെ സുഹൃത്തും നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷാണ് പിന്നിലെന്നാണ് തെളിഞ്ഞു.

സാമ്പത്തിക ക്രമക്കേടിന് പുറത്താക്കപ്പെട്ട വിവേക് രാജ് എന്ന ജീവനക്കാരാണ് ഹരീഷ് കഞ്ചാവ് നല്‍കിയത്. സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത്. തുടർന്ന് വിവേക് രാജ് തന്നെ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു. കഞ്ചാവ് കൊണ്ടുവച്ച ശേഷം വീവേഴ്‌സ വില്ലേജില്‍ ലഹരി വില്‍പന ഉണ്ടെന്ന കാര്യം ഹരീഷ് തന്നെയാണ് പൊലീസിനെ അറിയിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്ന് ശോഭ വിശ്വനാഥ് ആരോപിച്ചു. അതേസമയം കേസില്‍ തുടക്കത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് അവസരം നല്‍കിയില്ലെന്നും ശോഭ വിശ്വനാഥ് പറഞ്ഞു.