വർക്കല സ്റ്റേഷനിൽ ഇനി എസ്.ഐ ആനി ഇല്ല; ഈ പെൺ കരുത്ത് ഇനി എറണാകുളത്തിന് സ്വന്തം

NRI DESK : ജീവിതത്തോട് പടപൊരുതി പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവയുടെ ജീവിത കഥ കേരളമാകെ ചർച്ചചെയ്യുകയാണ്. എന്നാൽ വർക്കല സബ് ഇൻസ്പെക്ടറായ ആനിക്ക് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന ആനിയെ അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ജൂൺ 25നാണ് വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്‍റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ എസ്.പി ആനി വഴിയരികില്‍ നാരങ്ങാവെള്ളം വിറ്റും കഠിനമായി പരിശ്രമിച്ചുമാണ് ജീവിതം തിരികെ പിടിച്ചത്. ശിവഗിരി തീർഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ സബ് ഇൻസ്‌പെക്ടർ ആയ വാർത്ത ഏറെ ശ്രദ്ധയോടെയാണ് ഏവരും നോക്കിക്കണ്ടത്. കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി.

പിന്നീടങ്ങോട്ട് അവർക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു, പൊരുതി നേടിയ ജീവിതത്തിൽ പല ജോലികളും അവർ ചെയ്യ്തു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വിൽക്കൽ, ഇൻഷുറൻസ് ഏജന്റ് അങ്ങനെ പലതും. ഇതിനിടയിൽ കോളേജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീടാണ് ഒരു സർക്കാർ ജോലി വേണം എന്ന സ്വപ്നം മനസിൽ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയി ആനി നിൽക്കുന്നത്.