തെലങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണം; കിറ്റക്സ് എം.ഡി സാബു ജേക്കബ്

NRI DESK : കേരളാ സർക്കാരിനെ വിമർശിച്ചും, തെലങ്കാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയും കിറ്റെക്സ് എംഡി സാബു എം ജേക്കബ്. വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാദ്ഗാനം ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് അവിടെ ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

മുടക്കമില്ലാതെ വെള്ളം,വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടത്. മാലിന്യ നിർമാജനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തി പരിശോധനയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കിഎന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെലങ്കാനയിൽ കൂടുതൽ നിക്ഷേപവും മറ്റ് സംസ്ഥാനങ്ങളുമായുള്ള സഹകരണവും ആലോചനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളും വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇനിയുള്ള നിക്ഷേപങ്ങൾ പൂർണമായി മറ്റ് സംസ്ഥാനങ്ങളിലായിരിക്കുമെന്നും
അദ്ദേഹം പറഞ്ഞു.

പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്ന് വിമർശിച്ച സാബു ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. 53 വർഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു പറഞ്ഞു.