ചർച്ച പരാജയം ; നാളെ സംസ്ഥാന വ്യാപകമായി കടതുറക്കൽ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

NRI DESK : കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നാണ് വെല്ലുവിളി. തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികൾ.

സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു. അശാസ്ത്രീയമായ ടി.പി.ആര്‍ കണക്കാക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വി.കെ.സി മമ്മദ് കോയയും പറഞ്ഞു. പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. അവര്‍ക്ക് വേണ്ട അടിയന്തര സഹായമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുള്ളുവെന്നും നാളെത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്നും വ്യാപാരികളെ അറിയിച്ചുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വ്യാപാരികൾക്ക് ഇളവ് അനുവദിക്കില്ല. കടകൾ തുറന്നാൽ നിയമ നടപടികൾ ഉണ്ടാകുമെന്നും കോഴിക്കോട് ജില്ല കളക്ടർ മുന്നറിയിപ്പ് നൽകി.