സമരം പിന്‍വലിച്ച് വ്യാപാരികള്‍; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

NRI DESK : നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍. ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്.വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണം എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. ഇതോടെയാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതായി വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചത്.

ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ വ്യാപാരികളുമായി ചർച്ചയ്ക്ക് തയാറാകുന്നത്. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് കലക്ടറും വിളിച്ചുചേർത്ത ചർച്ച മാത്രമാണ് ഇതുവരെ വ്യാപാരികളുമായി ഔദ്യോഗികതലത്തിൽ നടന്നിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് സമരം താൽക്കാലികമായി മാറ്റിവച്ചത്.