17-07-2021 ​​ഗൾഫ് വാർത്തകൾ ചുരുക്കത്തിൽ


  ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ മക്കയിലേക്കും ഹജ്ജ് തീര്‍ഥാടനം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. പിടിയിലായ പതിനായിരം റിയാലാണ് പിഴ. രണ്ടാം തവണ പിഴ ഇരട്ടിയാകും.

  ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം. ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഏപ്രിൽ 24 മുതലാണ്​ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്​ യാത്രാവിലക്ക്​ നിലവിൽ വന്നത്​. തുടർന്ന്​ വിമാന സർവീസുകൾ നിലച്ചു. കഴിഞ്ഞ മാസം അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിലക്ക് തുടരുകയായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല.

  നമസ്‌കാര സമയങ്ങളിൽ സാധാരണ കടകൾ ഉൾപ്പെടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി നൽകി സൗദി അറേബ്യ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. പ്രാർത്ഥനാ സമയങ്ങളിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപനങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന രീതിയിലാണ് സർക്കാർ തീരുമാനം. തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനം. രോഗവ്യാപന സാധ്യത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. തുറന്നുവച്ചിരിക്കുന്ന കടകൾ ഇടയ്ക്ക് അടക്കാതിരിക്കുകയാണ് വേണ്ടത്. ആവശ്യക്കാർ വന്ന് ഷോപ്പിങ് നടത്തി പോകുന്നതിനാൽ കൂടുതൽ ആളുകൾക്ക് കൂടി നിൽക്കേണ്ടി വരില്ല- ഫെഡറേഷൻ വ്യക്തമാക്കി. ഇതോടെ പ്രാർത്ഥനാ വേളകളില്‍ കടകൾ അടയ്ക്കുന്ന, പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്.

  വാക്സിനെടുക്കാതെ തൊഴില്‍വിസയില്‍ ഖത്തറിലെത്തുന്ന ഗാര്‍ഹിക ജീവനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാരായ മറ്റ് തൊഴിലാളികള്‍ക്കുമായി ഏര്‍പ്പെടുത്തിയ മിക്കൈനീസ് ക്വാറന്‍റൈന്‍റെ കാലയളവ് പത്ത് ദിവസമായി കുറച്ചു. നേരത്തെ പതിനാല് ദിവസമായിരുന്നു ഇതിന്‍റെ കാലപരിധി. ഇതിനായി ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ പത്ത് ദിവസത്തേക്കുള്ള ബുക്കിങ്ങാണ് നിലവില്‍ സ്വീകരിക്കുന്നത്. പതിനാല് ദിവസത്തേക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് അധികം വന്ന ദിവസത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടൽ ക്വാറന്‍റൈനില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ റൂം പങ്കിടാന്‍ കഴിയുകയുള്ളൂവെങ്കില്‍ കുറഞ്ഞ നിരക്കില്‍ കൂടുതൽ പേര്‍ക്ക് കഴിയാവുന്ന സൗകര്യമാണ് മിക്കൈനീസ് ക്വാറന്‍റൈന്‍.

  ഈദ് അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ തുറന്ന വേദികളിലും സിനിമകൾ പ്രദർശിപ്പിക്കും. ഷാർജ മുവൈലിഹലാണ് ദിവസവും തുറന്നവേദികളിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നത്. സ്വന്തം വാഹനങ്ങളിലിരുന്ന് സിനിമകാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലവും നിശ്ചയിച്ചിട്ടുണ്ട്. സിനിമകളിലെ സംഭാഷണങ്ങളും ശബ്ദങ്ങളും വാഹനങ്ങളിലെ റേഡിയോയിലൂടെ പ്രത്യേക ഫ്രീക്വൻസിയിലൂടെ കേൾക്കാവുന്നതുമാണ്. മലയാളികളടക്കം കുടുംബങ്ങൾ താമസിക്കുന്ന ആഡംബര വില്ലകൾ ഇവിടങ്ങളിൽ ധാരാളമുണ്ട്. അത്തരം കുടുംബങ്ങളുടെകൂടി അവധിയാഘോഷവും വിനോദവും പരിഗണിച്ചാണ് മുവൈലിഹയിലെ തുറന്ന വേദിയിലും സിനിമ പ്രദർശിപ്പിക്കുന്നത്.

  ദേശീയ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിക്കാനൊരുങ്ങി അബുദാബി. ജൂലായ് 19 മുതൽ രാത്രികാലങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടാണ് അണുനശീകരണ യജ്ഞം യജ്ഞം നടത്തുക. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദിവസവും രാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചുവരെയാണ് അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പാക്കുന്നത്. ഈ സമയമായിരിക്കും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കില്ല. കർഫ്യൂ കാലയളവിൽ പൊതുജനങ്ങൾ വീടുകളിൽ കഴിയണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

  മഹാമാരി പിടിമുറുക്കിയ ശേഷമുള്ള രണ്ടാമത്തെ ഹജ്ജിലേക്കു കടക്കുകയാണ് ഇസ്‌ലാം മതവിശ്വാസികൾ. തീർഥാടകർ പുണ്യനഗരമായ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വരുന്ന അഞ്ചു ദിവസം മക്ക ശുഭ്രവസ്ത്രം ധരിച്ച തീർഥാടകരുടെ തക് ബീർ ധ്വനികളാൽ മുഖരിതമാകും. നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ഹജ് തീർഥാടനം. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് നടന്ന ഹജ്ജിന് ഒരു കേസ് പോലും റിപോർട് ചെയ്യപ്പെടാത്ത വിജയം ഇപ്രാവശ്യവും ആവർത്തിക്കാനുള്ള തയാറെടുപ്പ് സൗദി നടത്തിയിട്ടുണ്ട്. സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 60,000 പേർക്കുമാത്രമാണ് തീർഥാടനത്തിന് അനുമതി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. എന്നാൽ സാധാരണ ഹജ്ജിലേതിനേക്കാൾ വളരെ കുറവും. 2019ൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ലക്ഷം തീർഥാടകര്‍ ഹജ് ചെയ്തിരുന്നു.

  ദുബായ് നഗരക്കാഴ്ചകൾ കണ്ട് ഉല്ലാസയാത്ര നടത്താനുള്ള ‘സിറ്റി സൈറ്റ്സീയിങ്’ സർവീസ് പുനരാരംഭിച്ചു.മേൽക്കൂരയില്ലാത്ത ഡബിൾഡക്കർ ബസ് ആണു പ്രധാന വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. നിശ്ചിത കാലയളവിൽ പകുതി നിരക്കിൽ യാത്ര ചെയ്യാനാകും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഒരു മണിക്കൂർ വീതമാണ് പാക്കേജ്. ദുബായ് മാളിൽ നിന്നു തുടങ്ങി അൽ ഫഹീദി പൈതൃകകേന്ദ്രം, ദുബായ് മ്യൂസിയം ഓൾഡ് സൂഖ്, ഹെറിറ്റേജ് വില്ലേജ്, ഗോൾഡ് ആൻഡ് സ്പൈസ് സൂഖ്, ദുബായ് ക്രീക്, മദീനത് ജുമൈറ, അറ്റ്ലാന്റിസ് എന്നിവിടങ്ങൾ വഴിയാണ് യാത്ര.