18-07-2021 ​ഗൾഫ് വാർത്തകൾ ചുരുക്കത്തിൽ

   ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകിയേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ജുലൈ 21 ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് ഇതോടെ മങ്ങലേറ്റു. അതേ സമയം ജൂലൈ 21 വരെ സർവീസ്​ നിർത്തി വെച്ച എമിറേറ്റ്​സ്​ എയർലൈൻസ്​ മറ്റു തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ആഗസ്​റ്റ്​ ഒന്നുമുതൽ ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക് ​സ്പൈസ്​ ജെറ്റ്​ വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യു.എ.ഇയുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇനിയും വന്നിട്ടില്ല.

  അജ്മാനിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 20 ലക്ഷം ദിര്‍ഹം ധനസഹായം പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ തീരുമാനം. ബലി പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായാണ് ധനസഹായം. മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന സ്വദേശികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ധനസഹായ പദ്ധതി. മൽസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിത പ്രതിബന്ധങ്ങളെ നേരിടുന്നതിനുമായാണ് ഭരണാധികാരിയുടെ ഈ ആനുകൂല്യം. കൂടുതല്‍ സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാൻ കൂടിയാണ്​ ധനസഹായം പ്രഖ്യാപിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

  യുഎഇയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തിൽമുങ്ങി. മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയായിരുന്നു.പ്രദേശത്തെ റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ദിക്കറിയാതെ വാഹന, കാൽനട യാത്രക്കാരും പ്രയാസത്തിലായി. അബുദാബിയുടെ ചില ഭാഗങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. ക്ലൗഡ് സീഡിങ്ങിലൂടെയുണ്ടായ മഴ വർഷം ഗണ്യമായി കുറച്ചു. കടുത്ത ചൂട് അനുഭവപ്പെടുന്ന യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 18.9 ഡിഗ്രി സെൽഷ്യസായിരുന്നു. മഴയ്ക്കു മുന്നോടിയായുണ്ടായ ശക്തമായ പൊടിക്കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

  ബലിപെരുന്നാളിനോടനുബന്ധിച്ച്​ അഞ്ചിടങ്ങളിൽ ഈദ്​ പീരങ്കിയൊരുക്കി ദുബൈ പൊലീസ്​. പരമ്പരാഗത ആചാരം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ ദുബൈ പൊലീസി​ന്‍റെ നടപടി. സാധാരണ, റമദാനിൽ ഇഫ്​താർ സമയം അറിയിക്കുന്നതിനാണ് ദുബൈയിൽ പീരങ്കി മുഴക്കാറുള്ളത്. സബീൽ മോസ്​ക്​, മൻഖൂൽ, അൽ മംസാർ, അൽ ബറാഹ, നാദൽ ഹമർ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന സ്​ഥലങ്ങളിലാണ്​ പീരങ്കി ഒരുക്കിയിരിക്കുന്നത്​. പരിപാടിക്കായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാതായി പൊലീസ്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ റാശിദ്​ ഖലീഫ അൽ ഫലാസി പറഞ്ഞു. പെരുന്നാൾ നമസ്​കാരം അവസാനിച്ച ഉടനെയാണ്​ പീരങ്കി മുഴങ്ങുക. നോമ്പ്​ തുറയും പെരുന്നാളും അറിയിക്കാനാണ്​ മുൻകാലങ്ങളിൽ പീരങ്കി മുഴക്കിയിരുന്നത്​.

  ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ 25-ാമത് ബാച്ച് ഇന്ന് കുവൈത്തിലെത്തും. വാക്‌സിന്‍ ഒരു ലക്ഷം ഡോസ് കൂടിയാണ് എത്തുക. എല്ലാ ആഴ്ചയിലും കുവൈത്തിലേക്ക് ഫൈസര്‍ വാക്‌സിന്‍ ഷിപ്പ്‌മെന്റുണ്ട്. ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കുവൈത്തില്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കുകയാണ്.

  യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,65,482 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,38,771 പേര്‍ രോഗമുക്തരാവുകയും 1,898 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,309 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

  ഒമാനില്‍ തുടര്‍ച്ചയായി പെയ്തു വരുന്ന മഴ മൂലം ജനവാസ കേന്ദ്രങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. ഷിനാസ് വിലായത്തില്‍ നിന്നും 75ലധികം ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകള്‍ മാറ്റിയതായി സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ന്യൂനമര്‍ദ സാഹചര്യം തുടരുമെന്നും ഇന്നും (ഞായറാഴ്ച) മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അസാധാരണമായ ഇടിമിന്നല്‍, വാദികളില്‍ രൂപപ്പെടുന്ന വെള്ളപാച്ചിലുകള്‍, കടല്‍ക്ഷോഭം എന്നിവയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

  മാനില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 131 വിദേശികള്‍ക്കുള്‍പ്പെടെ 345 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്.

  അബുദാബിയില്‍ രാത്രിസഞ്ചാര നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അബുദാബി ദുരന്ത നിവാരണ അതോറിറ്റിയാണ് ജൂലൈ 19 മുതല്‍ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിസഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുക. ഈ സമയത്താണ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമര്‍ജന്‍സി ജോലികളില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളവര്‍ക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. എന്നാല്‍ ഇതിനുള്ള പൊലീസ് പെര്‍മിറ്റ് വാങ്ങണം.