അശ്ലീല ചിത്ര നിർമ്മാണം; ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

NRI DESK : ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിലാണ് വ്യവസായി രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്  മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റേതാണ് നടപടി. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്ദ്രയുടെ പങ്കിനെക്കുറിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

രാജ് കുന്ദ്രയ്ക്ക് പുറമേ 9പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 34, 292, 293 എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമപ്രകാരവുമാണ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കുന്ദ്രയെ പോലീസ് ഇന്ന് പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാക്കും. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെയും വിവാദത്തിൽ പെട്ടിരുന്നു.