‘വാക്സിന്‍ വിതരണത്തില്‍ ക്രമക്കേട്’; കൊല്ലം ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രതിഷേധം

NRI DESK : കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സിപിഎം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ നൽകുന്നു എന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീതയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ നടന്ന ആരോഗ്യ വകുപ്പിന്‍റെ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാനായി ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ ശശി രാധാകൃഷ്ണൻ ശ്രമിച്ചു. ഈ സമയം കോൺഗ്രസ് പ്രവർത്തകർ തന്‍റെ മൊബൈൽ ഫോണും ഹെഡ്സെറ്റും വലിച്ചെറിഞ്ഞെന്നും പിടിവലിയിൽ കൈയ്ക്ക് പരുക്കേറ്റെന്നുമാണ് ഡോക്ടറുടെ ആരോപണം. തുടർന്നദ്ദേഹം പോലീസിൽ പരാതിപ്പെടുകയും ചെയ്തു.

സംഭവം സംഘർഷത്തിൽ കലാശിഛത്തോടെ പൊലീസെത്തി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കം ജാമ്യമില്ലാത്ത കുറ്റങ്ങളാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഡോക്ടർക്കെതിരെ കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.