ബലിപെരുന്നാളിനിടെ ഐ.എസ്. ഭീകരാക്രമണം; ഇറാഖിൽ 31 പേർ കൊല്ലപ്പെട്ടു

NRI DESK : ബലി പെരുന്നാളിനിടെ ഇറാഖിലെ കച്ചവടകേന്ദ്രത്തിൽ ഐ.എസ് നടത്തിയ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 42 പേർക്ക് പരിക്കേറ്റതായാണ് വിവരം. തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ഒരു പൊതുചന്തയിലാണ് സ്‌ഫോടനം നടന്നത്. ബലി പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറേയും. അതേസമയം, ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.

അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു.ഭീകരാക്രമണമാണ് നടന്നതെന്നും ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ഇറാഖ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാക്ക് പ്രസിഡന്‍റ് ബര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.