‘ചരിത്രത്തിലേക്ക് പറന്നുയർന്ന്’; ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും

NRI DESK : ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണു പിന്നാലെ ബഹിരാകാശത്തേക്ക് പറന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസും സംഘവും. സ്വന്തം കമ്പനിയായ ബ്ലൂ ഒർജിന്‍ നിർമിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റിലാണ് നാലംഗ സംഘം ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. 10 മിനിറ്റ് 21 സെക്കൻഡ് നീളുന്നതായിരുന്നു യാത്ര. ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ അൻപത്തിരണ്ടാം വാര്‍ഷികത്തിലാണ് ബെസോസും ഒപ്പമുളള മൂന്ന് പേരും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

ഇന്ത്യൻ സമയം വൈകിട്ട് 6 .43ന് യാത്ര തിരിച്ച സംഘം 10 മിനുട്ട് 21 സെക്കൻഡിനു ശേഷമാണ് അമേരിക്കയിലെ ടെക്സസിലെ മരുപ്രദേശത്ത് തിരിച്ചെത്തിയത്. യു.എസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നായിരുന്നു കുതിപ്പ്. 10 മിനിറ്റ് 21 സെക്കൻഡ് നീളുന്ന ദൗത്യം. അതില്‍ 7 മിനിറ്റ് 32-ആം സെക്കന്‍ഡിൽ റോക്കറ്റ് തിരിച്ചെത്തി. ഭൂമിയില്‍ നിന്ന് 106 ഉയരത്തില്‍ എത്തിയ ശേഷമാണ് ബ്ലൂ ഒർജിന്‍ താഴേക്ക് തിരിച്ചത്. 8 മിനുറ്റ് 25 സെക്കന്‍ഡില്‍ ക്രൂ കാപ്സ്യൂളിന് മുകളില്‍ പാരച്യൂട്ട് ഉയർന്നു. പിന്നാലെ ബെസോസ് സഹോദരന്‍ മാർക്ക് ,വാലി ഫംങ്ക് , ഒലിവ് ഡിമെന്‍ എന്നിവർ കാപ്സ്യൂള്‍ പരച്യൂട്ടിലേറി മണ്ണുതൊട്ടു. സീറോ ഗ്രാവിറ്റിയില്‍ നാല് മിനുറ്റോളം തങ്ങിയ ശേഷം നാലുപേരും തിരിച്ചെത്തിയത്.

ദൃശ്യങ്ങള്‍ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു. താൻ അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി ആരംഭിച്ചത്. അമേരിക്കയിൽനിന്ന് ആദ്യം ബഹിരാകാശത്ത് എത്തിയ അലൻ ഷെപ്പേർഡിന്റെ പേരിൽ നിന്നുമാണ് ബ്ലൂ ഒറിജിൻ റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന പേര് നൽകിയിയത്. അതേസമയം ലോക ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദ യാത്രയാണ് ബെസോസിന്റെ നേതൃത്വത്തിൽ നടന്നത്. വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ ജൂലൈ 11നായിരുന്നു ആദ്യ യാത്ര. രണ്ട് പൈലറ്റ് ഉള്‍പ്പെടെ ആറ് പേരായിരുന്നു ബ്രാന്‍സന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും ടീമില്‍ ഉണ്ടായിരുന്നു.