14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ പട്ടികയില്‍; പെഗാസസ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

NRI DESK : ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു.

മൊറോക്കോയാണ്‌ മാക്രോണിന്റെ ഫോൺ ചോർത്തിയതെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളും ചേർത്തിയതായാണ് വിവരം. ഫ്രാൻസിലെ 15 ഓളം മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാ‍ർത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്.

ഇതിനു പുറമെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും ചോർത്തിയ നേതാക്കളുടെ പട്ടികയിലുണ്ട്. കൂടുതൽ ലോകനേതാക്കളുടെ പേരുവിവരങ്ങൾ ഇന്നു പുറത്തുവന്നേക്കുമെന്നാണ് സൂചന. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സൈനിക മേധാവിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പെഗാസസ് നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വിവരം.

ഫോൺ ചോർത്തലിന് വിധേയമായ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ പേരുവിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പെഗാസസ് ഫോൺ ചോർത്തൽ വിവാദം പാർലമെന്റിലടക്കം പ്രതിഷേധങ്ങൾ സൃഷ്ട്ടിച്ചു. പെഗാസസ് സ്പൈവെയർ വാങ്ങിയോ എന്ന് സഭയിൽ സർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം
പരാജയങ്ങൾ കാരണമുള്ള നിരാശ കാരണം പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നായിരുന്നു പ്രദാനമന്ത്രിയുടെ മറുപടി.