ഒറ്റ ചിത്രം, രണ്ട് കോടിയിലധികം സ്‌നേഹം; ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ പിന്നിലാക്കി മെസ്സി

NRI DESK : ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കായിക താരമാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. 30 കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റയില്‍ ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്. എന്നാല്‍ ഒറ്റ ചിത്രം കൊണ്ട് പോര്‍ച്ചുഗീസ് ക്യാപ്റ്റനെ പിന്നിലാക്കിയിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടം അറിയിച്ച കായിക ചിത്രമെന്ന റെക്കോര്‍ഡാണ് മെസ്സി കോപ്പ അമേരിക്ക കിരീടം കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെസ്സിയുടെ ചിത്രത്തോടുള്ള ഇഷ്ടം അറിയിച്ചത്. ഡീഗോ മറഡോണ മരിച്ച സമയത്ത് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് റൊണാള്‍ഡോ ഇട്ട ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഇഷ്ടങ്ങള്‍ പിടിച്ചുപറ്റിയ ചിത്ര. 1 കോടി 98 ലക്ഷത്തോളം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരുന്നത്. അതാണിപ്പോള്‍ മെസ്സി മറികടന്നിരിക്കുന്നത്. 23 കോടിയിലധികം പേരാണ് മെസ്സിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് മെസ്സി കിരീടവുമായി ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് അവിശ്വസനീയമാണ്, നന്ദി ദൈവമേ..ഞങ്ങള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നായിരുന്നു കോപ്പ കിരീടവുമായി ഇരിക്കുന്ന ചിത്രം പങ്കുവെച്ച് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.