രാജിവെക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍; ക്ലിഫ്ഹൗസില്‍ എത്തി ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി

NRI DESK : ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മന്ത്രി എ.കെ ശശീന്ദ്രന്‍. ക്ലിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിവെക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താന്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. പീഡനക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാരിലെ മന്ത്രി തന്നെ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചത് വഴി ഇടത് മുന്നണിക്ക് ഉണ്ടായിരിക്കുന്ന ക്ഷീണം ചെറുതല്ല. പ്രതിപക്ഷം ഇതിനോടകം തന്നെ ഇത് വലിയ രാഷ്ട്രീയ വിഷയമായെടുത്തിട്ടുണ്ട്. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്‌.