എ.കെ ശശീന്ദ്രന്‍ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തു; രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം

NRI DESK : പീഡനപരാതിയിൽ ഇടപെട്ട്, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ.കെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്നും വിഡി സതീശൻ പറഞ്ഞു.

മന്ത്രി കാര്യങ്ങള്‍ അറിഞ്ഞിട്ടുതന്നെയാണ് വിളിച്ചതെന്ന്മന്ത്രിയുടെ ടെലഫോണ്‍ സംഭാഷണം കേട്ടാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ശശീന്ദ്രന്‍ ഈ അവസ്ഥയില്‍ ഇനിയും മന്ത്രിസ്ഥാനത്ത് തുടരുന്നത് സി.പി.എമ്മിന് ഭൂഷണമല്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീധന പീഡനങ്ങളും കൊലപാതങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിപിഎം എങ്ങനെയാണ് ശശീന്ദ്രനെ ന്യായീകരിച്ച ശേഷം സ്ത്രീപക്ഷ കാമ്പയിനുമായി ജനങ്ങളെ സമീപിക്കുകയെന്നും സതീശന്‍ ചോദിച്ചു.

‘സിപിഎമ്മിന് സ്ത്രീപക്ഷത്ത് നിൽക്കണമെന്ന് ആളുകളോട് എങ്ങനെ പറയും? കൊല്ലത്തെ വാക്സീൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. മര്യാദകേടാണിത്. സംസ്ഥാന സെക്രട്ടേറിയേറ്റി ഒരു വനിതാ ഉദ്യോഗസ്ഥയെയും പുറത്താക്കി. വനംകൊള്ളക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനിതാ ഉദ്യോസ്ഥയ്ക്ക് എതിരെ നടപടി എടുത്തത്. അവരെ സെക്രട്ടേറിയേറ്റിന് പുറത്തേക്ക് മാറ്റിയെന്നും’- സതീശൻ കുറ്റപ്പെടുത്തി. അതേസമയം നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിഷയം സഭയിൽ ഉന്നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.