ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യയുടെ മരണം; അടിയന്തര അന്വേഷണം നടത്താൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

NRI DESK : ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെയാണ് ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. അതേസമയം, അനന്യയുടെ സുഹൃത്തുക്കളിൽ നിന്നടക്കം പോലിസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരിൽ നിന്നും ഇന്ന് വിവരങ്ങൾ തേടും. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ വ്യക്തിയായിരുന്നു അനന്യ. വേങ്ങരയിൽ പ്രചരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.