രാജ് കുന്ദ്രയ്ക്ക് യു.കെ നീലച്ചിത്ര നിർമാണ ശൃംഖലയുമായി ബന്ധം; ശില്‍പയുടെ പങ്കും അന്വേഷിക്കുന്നു

NRI DESK : വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിർമാണ ശൃംഖലയുമായി ബന്ധമെന്ന് പോലീസ്. അടുത്ത ബന്ധുവുമായി ചേര്‍ന്നാണ് രാജ് കുന്ദ്ര ഇടപാട് നടത്തിയിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കുന്നു. അതേസമയം, ഭര്‍ത്താവിന്റെ വ്യവസായങ്ങളില്‍ ഭാര്യ ശില്‍പ്പ ഷെട്ടിയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

”കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. തെളിവുകളുമില്ല. ഞങ്ങള്‍ അന്വേഷണത്തിലാണ്. ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും” ജോയിന്‍റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് രാജ് കുന്ദ്രയുടെ അറസ്റ്റ് ഉണ്ടായത്. ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി തിങ്കളാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് കുന്ദ്രയെ കസ്റ്റഡിയിലെടുത്തത്.

2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. രാജ് കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസ് ലണ്ടന്‍ ആസ്ഥാനമായുള്ള കെന്റിന്‍ ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും തുടർന്ന് കെന്റിന്റെ ഹോട്ട്‌ഷോട്ട് എന്ന ആപ്പ് വഴിയാണ്‌ അശ്ലീല വീഡോയകള്‍ വിതരണം ചെയ്യുകയുമാണ് ചെയ്തിരുന്നത്.

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.അതേസമയം സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.