ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺസിംഗ് ഗുരുതരാവസ്ഥയിൽ

NRI DESK : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഗുരുതരാവസ്ഥയിൽ. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്‍റിലേറ്ററിന്റെ സഹായത്താലാണ് ചികിത്സ നടക്കുന്നത്.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ജൂലൈ നാലിനാണ് കല്യാൺസിംഗിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ടോടെ വഷളായി. തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റി. ഡോ. ആർ. കെ ധിമാന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കല്യാൺ സിംഗിനെ ചികിത്സിക്കുന്നത്.

കഴിഞ്ഞ മാസം രണ്ടു തവണ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രോഗം ഭേദമായെങ്കിലും പിന്നീട് ശാരീരികമായി അവശനിലയിലാവുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധസംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാൺ സിംഗിനെ സന്ദർശിച്ച് രോഗവിവരം ആശുപത്രി അധികൃതരുമായി ചർച്ച ചെയ്തിരുന്നു. നിലവിൽ 89 വയസുള്ള കല്യാൺസിംഗ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ രാജസ്ഥാനിലും ഹിമാചൽ പ്രദേശിലും ഗവർണറായി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.