ഫോണ്‍വിളി വിവാദം; എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം

NRI DESK : ഫോണ്‍വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ശരദ് പവാറമായി സംസാരിച്ചു. വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.

അതേസമയം മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു. രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയതിനെ തുടർന്ന് മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്നും രാജിവെയ്ക്കുമെന്നുമെല്ലാം അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്ത പാർട്ടി പിന്തുണ നല്കുകയാണുണ്ടായത്.

അതിനിടെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റക‍ൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.