മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

NRI DESK : മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ 140ലധികം സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1990-കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കടയും അദ്ദേഹം നടത്തിപ്പോന്നിരുന്നു.

1956-ല്‍ ‘വിവാഹ ദല്ലാള്‍’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. രാജസേനൻ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.

ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.