ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും

NRI DESK : കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. വിഷയത്തിൽ ആരോഗ്യവകുപ്പിന്‍റെ അന്വേഷണവും ഉടൻ ആരംഭിക്കും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.  അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പോസ്റ്റ്മോർട്ടം നടത്താൻ സർക്കാർ നിർദേശിച്ചത്.കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയാണ് പോസ്റ്റ്മോർട്ടം.

ഫോറൻസിക് വിഭാഗം മേധാവി നിർദ്ദേശിക്കുന്ന വിദഗ്ധ സംഘം ഇൻക്വസ്റ്റ് നടപടികളും പിന്നീട് പോസ്റ്റ്മോർട്ടവും നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് ആരോഗ്യ വകുപ്പും പോലീസും കടക്കുക. അതേസമയം അനന്യയുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂര്‍ണ്ണമായ സമീപനം പോലും ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും അനന്യക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനന്യയുടെ മൃതദേഹം വൈകീട്ട് 4 മണിയ്ക്ക് പെരുമൺ മുണ്ടയ്ക്കൽ സെന്‍റ്. ജോസഫ് ദേവാലയത്തിൽ സംസ്കരിക്കും. ആലുവയിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.