നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം

NRI DESK : ബജറ്റ് പാസാക്കാനുള്ള നിയമസഭാസമ്മേളനം ഇന്ന് തുടങ്ങും. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും. ഓഗസ്റ്റ് 18 വരെ 20 ദിവസമാണ് സഭാ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ വകുപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷം ബജറ്റ് പാസാക്കും.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് ഇന്ന് പ്രധാനമായും ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. 20 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.

അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.