ലോക കായിക മാമാങ്കത്തിനിന്ന് തിരിതെളിയും; വിശ്വമേളക്ക് നിയന്ത്രണങ്ങളേറെ

NRI DESK : ലോക കായിക മാമാങ്കത്തിന് ജപ്പാന്റെ മണ്ണിൽ  ഇന്ന്  തിരിതെളിയും. കൊറോണ വ്യാപനം കാരണം ഒരു വർഷം മാറിയാണ് ഒളിമ്പിക്‌സ് അരങ്ങേറുന്നത്. വൈകുന്നേരം നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾ. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്കിയോ ഇന്ന്  ലോകത്തോളം വലുതാവും. 17ലേറെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട ഒളിമ്പിക്‌സിൽ ഒട്ടേറെ റെക്കോഡുകളും തകർക്കപ്പെടുമെന്നാണ് കരുതുന്നത്. കാണികളില്ലാത്ത ആദ്യ ഒളിന്പിക്സാണ് നടക്കുന്നത്. ഇന്ത്യയുടെ 127 കായികതാരങ്ങളാണ് 18 ഇനങ്ങളിലായി മെഡൽ വേട്ടയ്‌ക്കിറങ്ങുന്നത്.

കൊവിഡ് മഹാമാരിക്കാലത്തെ വിശ്വമേളയ്ക്ക് നിയന്ത്രണങ്ങള്‍ ഏറെ. ലോകത്തെ വിസ്മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ല. ജപ്പാന്‍ തനിമയുള്ള ലളിതമായ പരിപാടികളായിരിക്കും ഇത്തവണ. കാണികളെ പൂര്‍ണമായും അകറ്റിനിര്‍ത്തും. സാമൂഹിക അകലം ഉറപ്പാക്കാന്‍ മാര്‍ച്ച് പാസ്റ്റിലും താരസാന്നിധ്യം കുറക്കും. ഈ ഒളിംപിക്‌സ് ലിംഗനീതിയില്‍ ചരിത്രംകുറിക്കും. എല്ലാ ടീമുകള്‍ക്കും ആദ്യമായി പതാകവാഹകരായി പുരുഷ വനിതാ താരങ്ങളുണ്ടാവും. ഒളിംപിക് പ്രതിജ്ഞാ വാചകം ചെല്ലുന്നതിലും ഇത്തവ സ്ത്രീസാന്നിധ്യം ഉറപ്പാക്കി. മുന്‍ ഒളിംപിക്‌സുകളില്‍ ആതിഥേയ രാജ്യത്തെ ഒരുതാരവും ഓരോ പരിശീലകനും റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലാറുള്ളത്. ഇത്തവണ ഇവര്‍ക്കൊപ്പം മൂന്ന് വനിതകള്‍കൂടിയുണ്ടാവും.

1896ലെ പ്രഥമ ഒളിംപിക്‌സില്‍ മത്സരാര്‍ഥിയായി ഒറ്റ സ്ത്രീപോലുമില്ലായിരുന്നു. അതേസമയം ഇന്ന് ടോക്കിയോയില്‍ അരങ്ങുണരുമ്പോള്‍ സ്ത്രീ സാന്നിധ്യം 49 ശതമാനമാണ്. റിയോ ഒളിംപിക്‌സില്‍ ഇത് 45 ശതമാനമായിരുന്നു. 2024ലെ പാരിസ് ഒളിംപിക്‌സില്‍ സ്ത്രീസാന്നിധ്യം അന്‍പത് ശതമാനത്തില്‍ എത്തുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഉറപ്പ് നല്‍കുന്നു.