കുണ്ടറ പീഡന പരാതി: പോലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും; പ്രാദേശിക നേതാക്കള്‍ക്ക് എതിരെ നടപടിക്കും സാധ്യത

NRI DESK : കുണ്ടറ പീഡന പരാതിയിൽ പോലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ കാണാൻ സാധിച്ചിരുന്നില്ല , തുടർന്നാണ് ഇന്ന് മൊഴിയെടുക്കാൻതീരുമാനിച്ചത്.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് നിലവിൽ ആലോചിക്കുന്നത്. അതിനിടെ പീ‍ഡന പരാതിയിൽ എൻസിപി അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. ആരോപണ വിധേയനായ സംസ്ഥാന സമിതി അംഗം പദ്മാകരനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എന്നാൽ സ്ത്രീ പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.

പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി പരാതിക്കാരിയുടെ അച്ഛനെ വിളിച്ചത് എന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചത്. എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. പാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവ് രാജീവ് പാർട്ടി വാട്സാപ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് എന്നും കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെങ്കിലും പരാതി പാർട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സാധ്യത.