നാവിന് മഞ്ഞ നിറം, മൂത്രത്തിന് കടുത്ത ചുവന്ന നിറം; 12 വയസുകാരനിൽ കണ്ടെത്തിയത് അപൂർവ്വ രോഗം

NRI DESK : അപൂര്‍വ്വ രോഗം ബാധിച്ച് 12 വയസുകാരന്‍. നാവ് മഞ്ഞ നിറത്തിലാവുകയും രോഗപ്രതിരോധ ശേഷി പൂർണമായും നഷ്ടമാവുകയും ചെയ്യുന്ന ഗുരുതര രോഗമാണ് കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്. രക്തത്തിന് സമാനമായ നിറത്തിലാണ് 12കാരന്‍റെ മൂത്രവും. ശരീരത്തിലെ രോഗപ്രതിരോധശേഷി ചുവന്ന രക്താണുക്കളെ ആക്രമിച്ച നശിപ്പിക്കുന്ന അസുഖമാണ് കാനഡ സ്വദേശിയായ ഈ പന്ത്രണ്ടുകാരനുള്ളത്. കോള്‍ഡ് അഗ്ലൂട്ടിനിന്‍ എന്നാണ് ഈ രോഗത്തിന്‍റെ പേരെന്നാണ് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്.

ചികിത്സ തേടി ടൊറോന്റോയിലെ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കുട്ടിയ്‌ക്ക് മഞ്ഞപ്പിത്തമാണെന്നാണ് കരുതിയത്. സാധാരണയായി ശരീരത്തിന് മഞ്ഞ നിറം കാണപ്പെടുന്നത് മഞ്ഞപ്പിത്തം ബാധിക്കുന്ന സമയത്താണ്. എന്നാൽ കുട്ടിയുടെ നാവിലെ മഞ്ഞ നിറം ഡോക്ടർമാരെ പ്രതിസന്ധിയിലാക്കി. കടുത്ത തൊണ്ട വേദന, ചുമ, വയറുവേദന, കടുത്ത ചുവന്നനിറത്തിലെ മൂത്രം, ത്വക്കിന് നിറ വ്യത്യാസം എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. തുടർന്ന് വിദഗ്ധ പരിശോധനയ്‌ക്ക് ശേഷമാണ് എപ്‌സ്റ്റൈൻബാർ വൈറസ് ബാധയാണിതെന്ന് കണ്ടെത്തിയത്.

ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി അതിന്റേതായ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന അപൂർവ സ്വയം രോഗപ്രതിരോധ രോഗമാണ്. തണുത്ത താപനിലയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് എന്നും വിദക്തർ പറയുന്നു. രക്തം മാറ്റിവെയ്‌ക്കലാണ് ഒരു ചികിത്സാ രീതി. അതേസമയം, കുട്ടിയ്‌ക്ക് സ്റ്റിറോയിഡ് നൽകിയതോടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.