മുട്ടില്‍ മരംമുറിക്കല്‍ കേസ്; മുഖ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കും

NRI DESK : മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ, ജോസ്കുട്ടി എന്നിവരെയാണ് ബത്തേരി ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പിൽ ഇന്ന് ഹാജരാക്കുന്നത്. അതേസമയം പ്രതികളുടെ അമ്മയുടെ സംസ്കാരം രാവിലെ 11നാണ്. പ്രതികളെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിച്ച ശേഷമാകും കോടതിയിൽ എത്തിക്കുക. തുടർന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

അമ്മ മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രത്യേക സംഘം കുറ്റിപ്പുറത്ത് വച്ച് മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ ജില്ലയിലെത്തിച്ചത്. അതിനിടെ നാളെ പ്രതികളെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തിരുന്നു.

അതേസമയം, മുഖ്യപ്രതികൾക്കൊപ്പം അറസ്റ്റിലായ ഡ്രൈവർ വിനീഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പട്ടയഭൂമിയിലെ മരംമുറിയിൽ ആകെ 5 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിറകെയാണ് മരംമുറിയിൽ സർക്കാർ നടപടി തുടങ്ങിയത്. പട്ടയഭൂമിയിലെ മരംമുറിയിൽ 701 കേസുകളുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് സർക്കാരിന്‍റെ നിഷക്രിയത്വമാണെന്നായിരുന്നു ഹൈക്കോടതി വിമർശനം.