കയ്യാങ്കളി കേസ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

NRI DESK : വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാൽ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

സ‍ർക്കാരിൻ്റെ ഭാ​​ഗത്ത് വീഴ്ചയില്ലെന്നും കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ട‍ർക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെസംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിട്ടില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി സഭയിലെത്താതിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു.