രാജ്യത്തെ കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു; പകുതി കേസുകളും കേരളത്തിൽ, ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ

NRI DESK : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,528,114 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 131 മരണം കേരളത്തില്‍നിന്നുള്ളതാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ കൂടി രോഗമുക്തി നേടി. 30,701,612 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 97.38 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,28,795 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 46,26,29,773 ആയി ഉയർന്നു. രാജ്യത്ത് 4,03,840 സജീവ കേസുകളാണ് നിലവിലുള്ളത്.

രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെ കേസുകളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 22056 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക. ഇപ്പോഴും വലിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം സഹായങ്ങള്‍ നല്‍മെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. അതേസമയം വാക്‌സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 45,07,06,257 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.