പൊലീസ് അകമ്പടിയില്ലാതെ അമ്മയുടെ സംസ്കാര ചടങ്ങിന് പോകണമെന്ന് മുട്ടിൽ മരംമുറികേസ് പ്രതികൾ; ആവശ്യം തള്ളി കോടതി

NRI DEKS : മുട്ടിൽ മരം മുറി കേസിൽ മുഖ്യപ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സുല്‍ത്താന്‍ബത്തേരി ജുഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതേ സമയം മാതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പോലീസിന്റെ സാന്നിധ്യം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതില്‍ പോലിസിനോട് കയര്‍ത്തു. ഒടുവിൽ കോടതിക്ക് അകത്തും പുറത്തും പോലീസിനോട് തർക്കിച്ച പ്രതികളെ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പോലീസ് അകമ്പടിയില്ലാതെ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 14 ദിവസം റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് സംരക്ഷണമില്ലാതെ സംസ്ക്കാര ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് അസാധാരണ നടപടിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

റിമാന്‍ഡ് ചെയ്ത പ്രതികളെ സുരക്ഷ ഒഴിവാക്കി അവരുടെ ആവശ്യപ്രകാരം ചടങ്ങിന് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പ്രതികള്‍ പിടിവാശി കാണിച്ചതുകൊണ്ടാണ് ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത് എന്നുമാണ് ഇക്കാര്യത്തില്‍ പോലീസ് നല്‍കുന്ന വിവരം. പോലീസ് കാവലില്‍ സംസ്‌ക്കാര ചടങ്ങില്‍ പ്രതികളെ പങ്കെടുപ്പിക്കാമെന്നാണ് ഹൈക്കോടതിയിലും പോലീസ് പറഞ്ഞത്.

എന്നാൽ , തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതികള്‍ ആരോപിച്ചു. രണ്ടരക്ക് അറസ്റ്റ് ചെയ്ത ശേഷം ഒന്നരക്ക് അറസ്റ്റ് ചെയ്തുവെന്നാണ് കോടതിയില്‍ പറഞ്ഞത്. കൊണ്ടു പോകും വഴി തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നുവെന്നും പ്രതികള്‍ ആരോപിച്ചു. അതേസമയം, പ്രതികൾ പങ്കെടുക്കാത്തതിനാൽ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടൻ നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.