കൊവിഡ് പ്രതിസന്ധയില്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് ലണ്ടന്‍ ജനങ്ങള്‍

NRI DESK:   കൊവിഡ് വരുത്തിവച്ച വലിയ പ്രതിസന്ധയില്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് ലണ്ടന്‍ ജനങ്ങള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പല ഷെല്‍ഫുകളും ഒഴിഞ്ഞു കിടക്കുകയാണ്. പല ഷെല്‍ഫുകളിലും പൊടിപിടച്ച് ചിലന്തികള്‍ കൂടുവയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമല്ല രാജ്യത്തെ എല്ലാ ബിസിനസ് മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാലും മിനറല്‍ വാട്ടറും പോലും ഇല്ലാത്ത സാഹചര്യമാണ് നഗരത്തില്‍ എന്ന് പറയുമ്പോള്‍ തന്നെ എത്രത്തോളം ഭീകരമായ അവസ്ഥയാണ് ലണ്ടനില്‍.

കൊവിഡും ബ്രക്സിറ്റുമാണ് വ്യാപാരമേഖലയെ ഇത്രയും തളര്‍ത്തിയതെന്നാണ് അവര്‍ പറയുന്നത്. കൂടാതെ സാധനങ്ങളെത്തിക്കാനാവശ്യമായ ഡ്രൈവര്‍മാരുടെ അപര്യാപ്തതയും സാഹചര്യം വഷളാക്കുന്നു എന്നും വ്യാപാരികള്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ മാത്രമല്ല തന്റെ ഗോഡൗണുകളും കാലിയായി കിടക്കുകയാണ്. ഇക്കാര്യം ഒന്നുമറിയാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുന്നതിന് ഉപഭോക്താക്കള്‍ വഴക്ക് പറയാറുണ്ടെന്നും വ്യാപാരികള്‍. ലണ്ടനിലെ ഈ പ്രതിസന്ധി ഇനിയും തുടരുമെന്നും, ഇതിലും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ക്യാപിറ്റല്‍ ഇക്കണോമിക്സ് എന്ന ഗവേഷക വിഭാഗം പറയുന്നത്.