ചരിത്രം കുറിച്ച് സ്പേസ് എക്സ്‌ ; ബഹിരാകാശ ടൂറിസത്തിന് തുടക്കം

NRI DESK : സ്പേസ് എക്സിന്‍റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്നായിരുന്നു.

മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. കാൻസറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി. നേരത്തെ ബെസോസും, റിച്ചാര്‍ഡും തങ്ങളുടെ ‘ബഹിരാകാശ ടൂറിസം’ പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. ‘ഇന്‍സ്പിരേഷന്‍ 4’ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.

വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതല്ല ‘ഇന്‍സ്പിരേഷന്‍ 4’ സംഘത്തിന്‍റെ ലക്ഷ്യം മൂന്ന് ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്. ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രം ‘ഫെന്‍റാസ്റ്റിക്ക് 4നെ’ അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് ‘ഇന്‍സ്പിരേഷന്‍ 4’ എന്ന പേര് സ്പേസ് എക്സ് നല്‍കിയത്.

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). ഈലോൺ മസ്ക് ആണ് സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചിലവ് കുറക്കുക എന്നതും, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്.