റഷ്യയിലെ സര്‍വകലാശാലയില്‍ വെടിവയ്പ്പ്; എട്ടുമരണം

NRI DESK : റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ആക്രമി 18കാരനായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് കണ്ടെത്തി. വെടിവെയ്പ്പിന് മുമ്പായി ഇയാൾ റൈഫിൾ കയ്യിലേന്തി നിൽക്കുന്ന ചിത്രം സമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നാളുകളായി ഈ ഉദ്യമത്തിന് കാത്തിരിക്കുകയായിരുന്നു. വർഷങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഇപ്പോൾ സമയമായെന്നും ഇയാൾ സമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു. തുടർന്നായിരുന്നു ആക്രമണം.സർവകലാശാലയുടെ ഒന്നാം നിലയിൽ കയറിയ ഇയാൾ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പലരും ജനാലകൾ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ചിലർ മറ്റ് ക്ലാസ് മുറികളിലേക്ക് കടന്ന് വാതിൽ കുറ്റിയിട്ടു. ആക്രമണത്തിൽ വെടിയേറ്റിട്ടും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിലുമായാണ് പല വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുള്ളത്.

അതിനിടെ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയില്‍ നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അതേസമയം സർവകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ ഇന്ത്യൻ എംബസി അധികൃതർ അനുശോചനം രേഖപ്പെടുത്തി. സർവകലാശാലയിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും എംബസി അറിയിച്ചു.