സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

NRI DESK:  സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.  രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കും. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സിനേഷൻ എടുത്തിട്ടില്ല. പലരും വിമുഖത കാട്ടുകയാണ്. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലധികം എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,57,822 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,373 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,61,026 കോവിഡ് കേസുകളിൽ, 13.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.