തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനിക്ക്; കരാർ 50 വര്‍ഷത്തേക്ക്

NRI DESK : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനിക്ക് സ്വന്തം. 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. അതേസമയം അദാനിക്ക് വിമാനത്താവളം കൈമാറുന്നതിന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാകും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് മൂന്ന് വർഷം ഇവിടെ തന്നെ തുടരാം. 300 ജീവനക്കാരാണ് വിമാനത്താവളത്തിൽ ഉള്ളത്. അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം. അതേസമയം, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.അതിനിടെ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.